തിങ്കളാഴ്‌ച, ഡിസംബർ 20, 2010

വിട പറയല്ലേ ഡിസംബര്‍ ...

ശിശിരം....
പാതയോരം വിജനമായിരുന്നു.
ഇലകള്‍ പൊഴിഞ്ഞ വേനല്‍മരങ്ങള്‍ക്ക്  
എല്ലാം നഷ്ടപ്പെട്ടവന്റെ മുഖഭാവം.
മഞ്ഞിന്റെ മരവിച്ച ബിന്ദുക്കള്‍ വീണ
വഴിത്താരയില്‍ ...
സ്വപ്നങ്ങളുടെ കനത്ത ഭാണ്ടവും പേറി
മെല്ലെ നീങ്ങുമ്പോള്‍
നഗ്നരായ മരത്തലപ്പുകളുടെ ഓര്‍മ്മകളില്‍
നഷ്ട  വസന്തമായിരുന്നിരിക്കണം.
ഡിസംബര്‍ ....
നിനക്ക് മരണത്തിന്റെ മരവിപ്പ്.
ഒരു പക്ഷെ...തിന്മകളുടെ വിഴുപ്പു പേറിയ 
പാപക്കറ പുരണ്ട മനസ്സിനെ 
നിത്യതയിലേക്ക്  തള്ളി വിടുന്ന
നിന്റെ മരവിപ്പാകാം 
എന്നെ നിന്നിലേക്കാകര്‍ഷിച്ചത്. 
പക്ഷെ...ഞാന്‍ കേള്‍ക്കുന്നത്
വേഴാമ്പലുകളുടെ രോദനമാണല്ലോ?
ഗ്രീഷ്മത്തില്‍  വരണ്ടുണങ്ങിയ 
അവയുടെ ചുണ്ടുകളില്‍
ആരും ദാഹനീര്‍ പകര്‍ന്നില്ലെന്നോ?
ഞാനൊന്ന് ചോദിച്ചോട്ടെ ഡിസംബര്‍ ...?
എന്റെ കാല്‍ക്കീഴിലമര്‍ന്ന 
പുല്‍ക്കൊടിതുമ്പിലെ  തുഷാരം
നിന്നശ്രുകണമോ  സുസ്മേരമോ ?
അതോ...
പ്രതീക്ഷകളുടെ ഭാണ്ടവും പേറി തളര്‍ന്ന
എന്റെ മുന്‍ഗാമി എന്നോ ഉപേക്ഷിച്ച
വരണ്ട  സ്വപ്നങ്ങളോ?
ഒരു പക്ഷെ,
പാരിലേറ്റവും  കല്‍മഷമില്ലാത്തത്
മിഴിനീരും ഈ ഹിമകണങ്ങളുമായിരിക്കാം. 
ചന്ദ്രികാ ചര്‍ഛിതമായ സൌഭാഗ്യ രാത്രിയില്‍
ഭൂമിദേവിയുടെ ശ്വേത ബിന്ദുക്കളുമായിരിക്കാം. 
ഡിസംബര്‍ ...
നിന്റെ മുഖമുദ്ര തന്നെ മൌനമാണല്ലോ. 
വസന്തത്തിന്റെ കിളികൊഞ്ചലും പൂവിളിയും
എന്നുമെന്നും നിനക്കന്ന്യം.
ഒരു പക്ഷെ,
നിന്നിലവ ഉണ്ടായിരുന്നെങ്കില്‍
ഞാന്‍ നിന്നില്‍ ആകൃഷ്ടനായിരിക്കാം.
എന്നാലും...
നിന്റെ മൌനങ്ങള്‍ക്ക് ആയിരം നാവുണ്ടായിരുന്നു.
ഒരുപാട് സ്വപ്‌നങ്ങള്‍ സമ്മാനിച്ചു.
വിതുമ്പി വിറയലോടെ നീ പടിയിറങ്ങുമ്പോള്‍
ഒരായിരം മോഹങ്ങള്‍ ഉള്‍താരില്‍ താരാട്ടി
ഞാനെന്നും കാത്തിരിക്കും.
കാരണം....നിന്നെ ഞാനേറെ ഇഷ്ടപ്പെടുന്നു.

ഞായറാഴ്‌ച, ഡിസംബർ 12, 2010

എന്റെ കേരള

കരുവന്നൂര്‍ പുഴ കര കവിഞ്ഞൊഴുകി.
കരയുടെ മടിയില്‍ തല തല്ലിയൊഴുകി. 
കാര്‍മേഘം പടര്‍ത്തുന്ന കര്‍ക്കിടക  രാത്രിയില്‍
കലി തുള്ളി പേമാരി കോരി ചൊരിഞ്ഞു.

പൂമണം പരത്തുന്ന പുലരിയെ പുല്‍കാന്‍ 
പൂമരനാം അര്‍ക്കന്‍  പൂര്‍വത്തിലുദിച്ചു.
പുഴയോരങ്ങളില്‍ പുളകം ചാര്‍ത്തി.
പൂമാലയില്‍ നിന്ന് കുളിര്‍കാറ്റു വീശി.

മലയാള നാടിന്‍ മഹിമ വിടര്‍ത്തും 
മലയോരം പുത്തന്‍ പുടവ വിരിച്ചു
മല, മകളാം പുഴ മാതാവിനെ തേടി
മലവെള്ള പാച്ചിലിന്‍ ഗതി മാറിയൊഴുകി.  

ബുധനാഴ്‌ച, സെപ്റ്റംബർ 01, 2010

ശൂന്യത



മാനസ വൃന്ദാവനത്തില്‍ ഇനി-
ശ്രുതി മീട്ടും വീണകമ്പികള്‍  കാണില്ല.
കൂകി  മുഴക്കും കുയിലുകള്‍ 
കൂ...കൂ...നാദം നിര്‍ത്തി എങ്ങോ പോയ്‌.
പാതിരാവില്‍ വിരിയും പാരിജാതം
ഇനി മിഴികള്‍ കൂമ്പി നില്‍ക്കും.
വണ്ടുകള്‍ മധുകണം വറ്റിയ
പൂവിനു ചുറ്റും ഭ്രാന്തമായ് അലയുന്നു.
ഒരു കുഞ്ഞിളം കാറ്റ് പോലും 
ഈ മാര്‍ഗ്ഗമദ്ധ്യേ ഇനി വീശുകില്ല.
മരണം കാത്തു നില്‍ക്കും 
മൂക സാക്ഷിയായ്  ചിത്തം. 

ശനിയാഴ്‌ച, ഓഗസ്റ്റ് 14, 2010

തേങ്ങല്‍




വിധിയുടെ വിളയാട്ടത്തിന്‍ കുത്തൊഴുക്കില്‍
ആടിയുലഞ്ഞ എന്‍ മാനസ നൌക,
പാരിജാത ഗന്ധം പരത്തും തെന്നലായ്
വന്നു നീ മേനി പുണര്‍ന്നതെപ്പോള്‍ ?
കണ്ണ് നീരിന്റെ ഇന്നലെകള്‍ ,
കയ്പ് നീരിന്റെ നൊമ്പരങ്ങള്‍ ...
നാളെ എന്തെന്നറിയാതെ-
അന്തിയുറങ്ങാത്ത യാമങ്ങള്‍ ,
കുറ്റപ്പെടുത്തലുകള്‍ , ഒറ്റപ്പെടുത്തലുകള്‍
ഭീഷണികള്‍ ..ബന്ധുജനസാരോപദേശങ്ങള്‍ ...
നിസ്സഹായനായ് നിന്ന നിമിഷങ്ങള്‍ .
കാലം വീഥി തെളിച്ചതും
ദൃഡ ചിത്തനായ് നിന്നതും സത്യമോ?
പ്രത്യാശയുടെ പൊന്‍ കിരണങ്ങള്‍
പാകിയ  മണലാരണ്യമേ 
വ്യഥയുടെ സീമകള്‍ ഭേദിക്കും-
ചന്ദ്ര ബിംബം നീ...സാക്ഷി.

ഞായറാഴ്‌ച, ഓഗസ്റ്റ് 01, 2010

കാമുകീ ഹൃദയം











ഒരു മയില്‍‌പീലി തിരുകി ആ പുസ്തക-
മൊരു മാത്ര മെല്ലെ തിരിഞ്ഞു നോക്കി.
തരളമാം സ്നേഹത്തിന്‍ ഹൃദയതുടിപ്പുമായ്
മനതാരില്‍ തെളിഞ്ഞു നിന്‍ പൊന്‍ വദനം 
കണ്ടു ഞാന്‍ ആര്‍ദ്രമാം പ്രണയത്തെ നിന്‍
തീക്ഷ്ണമാം കണ്‍കളില്‍ നീര്‍തുള്ളിയായി.
അറിഞ്ഞു ഞാന്‍ കാരുണ്യ പാല്‍ക്കടല്‍ നിന്‍ തിരു 
നെറ്റിയില്‍ ചാര്‍ത്തിയ തൊടു കുറിയില്‍ .
കേട്ടു ഞാന്‍ ആയിരം മന്ത്രാക്ഷരങ്ങള്‍ നിന്‍
മൃദുലമാം ചുണ്ടുകള്‍ മീട്ടുവതായ്
അറിഞ്ഞു ഞാന്‍ മനതാരില്‍ വീണകള്‍ പാടുമാ-
ദിവ്യാനുരാഗം നിന്‍ വിരല്‍ത്തുമ്പുകളില്‍ .
അറിഞ്ഞു ഞാന്‍ നിന്നിലെ ഹൃദയ തുടിപ്പുകളി -
ലോഴുകുമാ ജീവനില്‍ ഞാന്‍ മാത്രമെന്ന്
പറഞ്ഞു നീ... അറിയുന്നു ഞാന്‍...
നീ എനിക്കായ് മാത്രം ഉള്ളതെന്ന്
നമ്മളെന്നും ഒന്നാണെന്ന്.

വ്യാഴാഴ്‌ച, ജൂലൈ 01, 2010

നീറുന്ന മാനസം...


ഹാ പ്രിയതമേ...നിര്‍ത്തൂ നിന്‍ 
ഹൃദയം ഭേദിക്കും വാക്കുകള്‍ 
എന്തിനാണിത്രയും പരിഭവം?
എന്തിനാണിത്രയും വൈഷമ്യം?

എല്ലാം നീ എന്ന് നിനച്ചു ഞാന്‍
നിനക്ക് വേണ്ടി ഈ ജീവിതം,
നീ മാത്രം എന്‍ ഉലകം...
എല്ലാം  എന്‍ അഹങ്കാരം.

പെറ്റമ്മയുടെ അശ്രുകണം വീഴ്ത്തിയതും,
കൂടാപിറപ്പിന്റെ മാനസം നോവിച്ചതും,
പിതാവിന്‍ വാക്കുകള്‍ ധിക്കരിച്ചതും
എല്ലാം... നിനക്ക് വേണ്ടി...

കലുഷിതമായ  മാനസത്തില്‍
രോഷമായ വാക്കുകള്‍ വീണിരിക്കാം...
ജീവിത പന്ഥാവില്‍ ഇതെല്ലം
തികച്ചും സ്വാഭാവികം.

അതിനെല്ലാം ഇങ്ങനെ ഉരിയാടാതെ...
ഇനിയെന്റെ നാവുകള്‍ നിന്നെ കരയിക്കില്ല.
ഇനിയെന്റെ നോട്ടത്തില്‍ കൂരമ്പുകള്‍ തറയില്ല.
ഇനിയെന്റെ സ്പര്‍ശനം വേദനകള്‍ സൃഷ്ടിക്കില്ല.

വിശ്വസിക്കാം പ്രിയതമേ...
നീ ഇല്ലെങ്കില്‍ ഞാനില്ല...ഒരിക്കലും...
പിരിയാനാവില്ല നമുക്ക്... സത്യം.
നോവിച്ചതിന്   ഒരായിരം മാപ്പ്.

നീ...എന്റെ മനസ്സ്...




 മനസ്സേ! മാപ്പ് നല്‍കൂ...
നിന്നെ സ്നേഹിച്ചതിനും,
നിന്നില്‍ ജീവിച്ചതിനും-
ഒരു മാത്ര നീ എനിക്ക് മാപ്പ് നല്‍കൂ.

നീ തന്നു, ഒരു വാക്കില്‍ സ്നേഹത്തിന്‍ ഒരു കാവ്യം.
നീ തന്നു, ഒരു നോക്കിന്‍ പ്രണയത്തിന്‍ തിരമാല.
നീ തന്നു, തലോടലില്‍ സ്വന്തനതിന്‍ കുളിര്‍കാറ്റു.

മനസ്സേ മാപ്പ് നല്‍കൂ...
നിനക്കായ്‌ എന്നില്‍ സ്നേഹമില്ല, 
നിനക്കായ്‌ എന്നില്‍ ജീവനില്ല.
ഒരു മാത്ര നീ എനിക്ക് മാപ്പ് നല്‍കൂ.

നിന്നുടെ വാക്കുകള്‍ ഹൃദയത്തെ മുറിക്കുന്നു.
നിന്നിലെ നോട്ടങ്ങള്‍ മനസ്സില്‍ കൂരമ്പുകള്‍ .
നിന്റെ സ്പര്‍ശനങ്ങള്‍ മായാത്ത വേദനകള്‍ .
ഞാന്‍ നിന്നില്‍ നിന്നകലുന്നു...മാപ്പ് നല്‍കൂ...