ചൊവ്വാഴ്ച, ജൂലൈ 10, 2018

പ്രണയമാണ് എന്നും

പ്രണയമാണ് എനിക്ക് എന്നും

നനവാർന്ന കൈകളാൽ നിന്നെ തഴുകി തലോടിടാൻ കൂട്ടിനായ് വന്ന മഴയോട്‌...

പുലരിയിൽ നിന്നെ പുണർന്നിരിക്കാൻ
കുളിരു തന്ന മകര മഞ്ഞിനോട്...

മധുരിക്കും വാക്കുകൾ നീയുമായി പങ്കിടുമ്പോൾ
സാക്ഷിയായ് നോക്കി നിന്ന ഓളമിളകും പുഴയോട്...

നിന്റെ മടിയിൽ തല ചാച്ചുറങ്ങുമ്പോൾ
മാനത്തു നിന്ന് നോക്കി ചിരിച്ച നിലാവിനോട്...

നീയും ഞാനും മാത്രമായ ലോകം
തീർത്ത കാനന വീഥിയോട്...

നമ്മുടെ നാളെകൾ സ്വപ്നം കണ്ടിരിക്കാൻ
ഇടം തന്ന പച്ച വിരിച്ച വയൽ വരമ്പിനോട്...

നിന്നെ ഇഷ്ടമാണെന്നു ഉറക്കെ പറയുമ്പോൾ
മറ തീർക്കാൻ വന്ന ആർത്തിരമ്പും കടലിനോട്...

നിന്നെയും എന്നെയും ഇവിടെ കാത്തു നിർത്തുന്ന സൂര്യ കിരണങ്ങളോട്...

പ്രണയമാണ് എനിക്ക് എന്നും
എന്നെ നിനക്കും നിന്നെ എനിക്കും തന്ന ഈ പ്രകൃതിയോട് പ്രപഞ്ചത്തോട്
പ്രണയം.

ബുധനാഴ്‌ച, ജനുവരി 20, 2016

ഇനിയും വൈകുവതെന്തേ ?

എത്ര നാളായ് കാത്തു നില്ക്കുന്നു ഞാൻ,
ഇനിയും വരാൻ മടിക്കുവതെന്തിനു നീ.
ഹൃദയത്തിൻ മണിവാതിൽ പാതി തുറന്നു ഞാൻ
വേഴാമ്പലായ് നിന്നത് നിന്നെ പ്രതീക്ഷിച്ച്
നീ പോയ വീഥിയിൽ എന്നെ കണ്ടില്ല,
അതോ കണ്ടിട്ടും കാണാതെ പോയതോ ?
നിൻ മൃദു സ്പര്ശനം നിൻ നേർത്ത തലോടൽ 
ഒരു പക്ഷെ, സ്വാന്തനമായ് മാറിയേക്കാം.
കത്തിനിൽക്കും കരളിലെ അഗ്നിയിൽ 
ചാറ്റൽ മഴയായ് പെയ്തിറങ്ങാൻ നിനക്കേ സാധ്യമാകൂ.

ഇനിയും നീ മടിക്കണ്ട, കാത്തിരിക്കുന്നു ഞാൻ
ഒരിക്കൽ നിനക്ക് വന്നെ മതിയാകൂ.
ഒരു നാളും അടയില്ല എൻ വാതാലയം
ഇനി ഒരു താഴിനും താക്കോലിനും ബന്ധനമാകില്ലതു.

വൈകരുതേ ഇനിയും...
മരണമേ നിനക്ക് സുസ്വാഗതം.

ചൊവ്വാഴ്ച, മേയ് 26, 2015

നീ

നിശയിലെ നിദ്രക്ക് ഭംഗം വരുത്തി 
നിഴലായ് വരുന്നതെന്തിനാണ് നീ.
നീർമാതളത്തിൻ ചുണ്ടുകളിൽ
നിറയും നറുംപുഞ്ചിരിയായ്...
നിഷ്കാമ പ്രണയത്തിൻ അനശ്വരദീപമായ്  
നീ വന്ന നാളുകൾ നിന്നോടൊത്ത നിമിഷങ്ങൾ...
നിൻ കിളിക്കൊഞ്ചലും ഭാവങ്ങളും എന്നിൽ
നിർവൃതി നിറച്ചു നീ നോക്കി നിന്നതും...
നില്ക്കാതെ പെയ്യുന്ന തുലാവർഷസന്ധ്യയിൽ
നീന്തിക്കളിച്ചൊരെൻ മധുര സ്വപ്നങ്ങളും...
നീ കൂടെ വേണമെൻ ജീവിതസഖിയായി
നീട്ടും കരങ്ങളെ ചേർത്ത് ഞാൻ മന്ത്രിച്ചു...

നിള പോലെ ഒഴുകിയാ 
നീറുന്ന ഓർമ്മകൾ... പിന്നെയും...
നീട്ടി വലിക്കല്ലെ ഇനിയും ഇനിയും
നിദ്രയിലാഴ്ത്തൂ നീല നിശീഥിനീ.

ശനിയാഴ്‌ച, ജനുവരി 25, 2014

പ്രണയം

അറിഞ്ഞു ഞാൻ പ്രണയത്തിൻ മധുരഗീതം
ആത്മാവിൽ നിറഞ്ഞോരാ  സുവർണഗീതം
മനസ്സിൽ മഴവില്ലിൻ ശോഭയേകും
നിറമുള്ള ചിത്രമാം പ്രണയം
ഹൃദയത്തിൻ താളതുടിപ്പ് കൂട്ടും
ആർദ്രമാം രാഗമാം പ്രണയം
കനവിലോ പനിനീർ പൂവിരിക്കും
ഗന്ധമാം അഴകാം പ്രണയം.

അറിഞ്ഞു ഞാൻ പ്രണയത്തിൻ കയ്പ്പും, ചവർപ്പും
ഹൃദയം തകർന്നൊരാ ചതികൾ ഓരോന്നും
കാലം തെളിക്കുന്ന തേരിലേറി 
പോകുന്നു നാമീ ശൂന്യമാം ലോകത്തിൽ
മനസ്സിലഴകേകും പ്രണയമില്ല
സ്നേഹമോ,ആത്മാർതതയോ ഒന്നുമില്ല.
കപടമീ ലോകത്തിൻ മൂടുപടം നീക്കിയാൽ 
കാണുന്നു ഇന്നിൻറെ നാടകങ്ങൾ

അറിയുന്നു ഞാൻ നശ്വരമീ പ്രണയം
അറിയുന്നു ഞാൻ നശ്വരമീ ലോകവും
പ്രണയിക്കും മനസ്സേ നീയറിയൂ
പ്രണയം നിനക്കെന്നും ദുഃഖം മാത്രം
വിരഹത്തിൻ നോവും, സ്നേഹത്തിൻ ദുഃഖവും
ചതികൾ തൻ സങ്കടക്കടലും തീർത്തൊരാ
ദുഃഖത്തിൻ മുഖം മൂടി മാത്രമെന്ന് 

എങ്കിലും ഞാനിന്നും തേടിടുന്നു....
നിഷ്കളങ്കമായൊരു പ്രണയത്തിനായ്....
പ്രണയമേ നിനക്ക് മരണമില്ല.
പ്രണയം ഇല്ലെങ്കിൽ മനുജനില്ല.

ചൊവ്വാഴ്ച, ജനുവരി 17, 2012

എല്ലാം അവള്‍ .....


പൂവുകളില്‍ അവള്‍ തൊട്ടാവാടി,
തൊട്ടാല്‍ നോവിക്കും നാണക്കാരി.

പക്ഷികളില്‍ അവള്‍ കാക്കകറുമ്പി,
തട്ടിപ്പറിക്കുന്ന വേട്ടക്കാരി.

ശലഭങ്ങളില്‍ അവള്‍ ചിത്രശലഭം,
പാറി നടക്കുന്ന വീമ്പുകാരി.

നാല്‍ക്കാലികളില്‍ അവള്‍ മാന്‍പേട,
മിന്നിമറയുന്ന ഓട്ടക്കാരി.

പ്രാണികളില്‍ അവള്‍ മിന്നാമിന്നി,
മിന്നി നടക്കുന്ന മോഹക്കാരി.

എന്നിലോ അവള്‍ ആരെന്നു....
പറയുവാനാവില്ലീ.... വാക്കുകള്‍ക്കു.ബുധനാഴ്‌ച, ഡിസംബർ 07, 2011

രക്തസാക്ഷി

ഞാനിന്നൊരു രക്ത സാക്ഷി
പ്രണയ ദാമ്പത്യത്തിന്‍  രക്ത സാക്ഷി.

പ്രണയമേ, നീ ഒരു ഒറ്റുകാരന്‍
എന്‍ ഹൃദയത്തില്‍ നിനക്ക് മാപ്പില്ല.
പ്രണയ ദാമ്പത്യമേ, നീ ഒരു തീജ്വാല
നിന്റെ പൊള്ളുന്ന ചൂടെനിക്ക് ദുസ്സഹനീയം.

പ്രണയമേ, നീ ഒരു  കൂരിരുള്‍ കാരാഗൃഹം 
എന്റെ സ്വാതന്ത്ര്യത്തെ ഹനിച്ചു നീ കൂട്ടിലാക്കി.
പ്രണയ ദാതാവേ, നീ ഒരു കൊടുംചതിയന്‍
രക്ത സാക്ഷികളെ സൃഷ്ടിക്കുന്നവരില്‍ ഒരുവന്‍ മാത്രം.

ഇന്നോ നാളെയോ ലോകമേ നീ അറിയും
ഞാനുമൊരു പ്രണയത്തിന്‍ രക്ത സാക്ഷി.
പ്രണയമേ....പ്രണയ  ദാമ്പത്യമേ......
നീ ഇനിയും രക്ത സാക്ഷികളെ സൃഷ്ടിക്കല്ലേ .

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 05, 2011

ഭ്രഷ്ട്

അറിയുമോ, നിങ്ങളെന്‍ സ്നേഹിതയെ ?
അറിയുമോ, എന്‍ പ്രിയ കളിതോഴിയെ ?
ജാതിയോ മതമോ ചോദിക്കാതെ 
സ്നേഹിച്ച പുരുഷനായ്  കഴുത്ത്  നീട്ടി.
ഓടിക്കളിച്ചൊരാ വീട്ടില്‍ നിന്നും 
ആട്ടിയിറക്കി സോദരങ്ങള്‍ ...
ഇന്നോളം ലാളിച്ച പെണ്‍കിടാവേ
നീ ഞങ്ങള്‍ക്കന്യയെന്നമ്മ ചൊല്ലി.
നെഞ്ചിലെ കനല്‍തീയില്‍ ചുടുന്നൊരു നോക്കിനാല്‍
അച്ഛനും മിണ്ടാതെ അകന്നു പോയി.

പടി കയറി ചെന്നൊരാ വീട്ടിലതാ...
കുറ്റപ്പെടുത്തലിന്‍  കൂരമ്പുകള്‍ ,
അഭിമാനത്തിന്‍ പൊയ്മുഖം തീര്‍ത്തവര്‍
അന്ധകാരത്തില്‍ മറഞ്ഞിരുന്നു,
"ഭ്രഷ്ട്" കല്പ്പിച്ചൊരു  ബന്ധുക്കളും
കാണാതെ മിണ്ടാതെ അകന്നു നിന്നു,
പ്രസംഗിച്ചു നടന്നൊരാ മൌലിക  വാദികള്‍
മാളത്തില്‍ ഒളിച്ചു പതുങ്ങി നിന്നു.

പെറ്റമ്മയോടുപോല്‍ മിണ്ടുവാന്‍ പാടില്ല-
യെന്ന നെഞ്ചു  തുളക്കുന്ന വിലക്കുകളും,
ഉള്ളു തുറന്നു കരയുവാനാവാതെ
തള്ളി നീക്കി ദിനങ്ങള്‍ ഓരോന്നായ്.
നിസ്സഹായനായ ഒരു തോഴനും
ഒന്നുമേ ചെയ്യുവാനാവതില്ല.

സ്നേഹിച്ച തെറ്റിനായ് ഓരോ നിമിഷവും 
ഹോമിച്ചു അവള്‍ തന്‍റെ ജീവിതത്തെ   
"ഇനി എനിക്കീ സ്നേഹത്തിന്‍ തണല്‍ വേണ്ട.
ഇനി എനിക്കീ "ഭ്രഷ്ട്" ദിനങ്ങള്‍ വേണ്ട."
മരവിച്ച മനസ്സില്‍ അവള്‍ തെരഞ്ഞെടുത്തു
മരവിക്കും  മരണത്തിന്‍   സ്വാതന്ത്ര്യം .

മറഞ്ഞൊരാ തോഴിയെ സാക്ഷിയാക്കി
പറയുന്നു ഞാനിതാ നിങ്ങളോടായ്
 'ജാതി മത സ്ത്രീധനം നോക്കിടാതെ 
സ്നേഹിക്കരുതാരേയും സോദരരെ...'