ശനിയാഴ്‌ച, ജനുവരി 25, 2014

പ്രണയം

അറിഞ്ഞു ഞാൻ പ്രണയത്തിൻ മധുരഗീതം
ആത്മാവിൽ നിറഞ്ഞോരാ  സുവർണഗീതം
മനസ്സിൽ മഴവില്ലിൻ ശോഭയേകും
നിറമുള്ള ചിത്രമാം പ്രണയം
ഹൃദയത്തിൻ താളതുടിപ്പ് കൂട്ടും
ആർദ്രമാം രാഗമാം പ്രണയം
കനവിലോ പനിനീർ പൂവിരിക്കും
ഗന്ധമാം അഴകാം പ്രണയം.

അറിഞ്ഞു ഞാൻ പ്രണയത്തിൻ കയ്പ്പും, ചവർപ്പും
ഹൃദയം തകർന്നൊരാ ചതികൾ ഓരോന്നും
കാലം തെളിക്കുന്ന തേരിലേറി 
പോകുന്നു നാമീ ശൂന്യമാം ലോകത്തിൽ
മനസ്സിലഴകേകും പ്രണയമില്ല
സ്നേഹമോ,ആത്മാർതതയോ ഒന്നുമില്ല.
കപടമീ ലോകത്തിൻ മൂടുപടം നീക്കിയാൽ 
കാണുന്നു ഇന്നിൻറെ നാടകങ്ങൾ

അറിയുന്നു ഞാൻ നശ്വരമീ പ്രണയം
അറിയുന്നു ഞാൻ നശ്വരമീ ലോകവും
പ്രണയിക്കും മനസ്സേ നീയറിയൂ
പ്രണയം നിനക്കെന്നും ദുഃഖം മാത്രം
വിരഹത്തിൻ നോവും, സ്നേഹത്തിൻ ദുഃഖവും
ചതികൾ തൻ സങ്കടക്കടലും തീർത്തൊരാ
ദുഃഖത്തിൻ മുഖം മൂടി മാത്രമെന്ന് 

എങ്കിലും ഞാനിന്നും തേടിടുന്നു....
നിഷ്കളങ്കമായൊരു പ്രണയത്തിനായ്....
പ്രണയമേ നിനക്ക് മരണമില്ല.
പ്രണയം ഇല്ലെങ്കിൽ മനുജനില്ല.

ചൊവ്വാഴ്ച, ജനുവരി 17, 2012

എല്ലാം അവള്‍ .....


പൂവുകളില്‍ അവള്‍ തൊട്ടാവാടി,
തൊട്ടാല്‍ നോവിക്കും നാണക്കാരി.

പക്ഷികളില്‍ അവള്‍ കാക്കകറുമ്പി,
തട്ടിപ്പറിക്കുന്ന വേട്ടക്കാരി.

ശലഭങ്ങളില്‍ അവള്‍ ചിത്രശലഭം,
പാറി നടക്കുന്ന വീമ്പുകാരി.

നാല്‍ക്കാലികളില്‍ അവള്‍ മാന്‍പേട,
മിന്നിമറയുന്ന ഓട്ടക്കാരി.

പ്രാണികളില്‍ അവള്‍ മിന്നാമിന്നി,
മിന്നി നടക്കുന്ന മോഹക്കാരി.

എന്നിലോ അവള്‍ ആരെന്നു....
പറയുവാനാവില്ലീ.... വാക്കുകള്‍ക്കു.



ബുധനാഴ്‌ച, ഡിസംബർ 07, 2011

രക്തസാക്ഷി

ഞാനിന്നൊരു രക്ത സാക്ഷി
പ്രണയ ദാമ്പത്യത്തിന്‍  രക്ത സാക്ഷി.

പ്രണയമേ, നീ ഒരു ഒറ്റുകാരന്‍
എന്‍ ഹൃദയത്തില്‍ നിനക്ക് മാപ്പില്ല.
പ്രണയ ദാമ്പത്യമേ, നീ ഒരു തീജ്വാല
നിന്റെ പൊള്ളുന്ന ചൂടെനിക്ക് ദുസ്സഹനീയം.

പ്രണയമേ, നീ ഒരു  കൂരിരുള്‍ കാരാഗൃഹം 
എന്റെ സ്വാതന്ത്ര്യത്തെ ഹനിച്ചു നീ കൂട്ടിലാക്കി.
പ്രണയ ദാതാവേ, നീ ഒരു കൊടുംചതിയന്‍
രക്ത സാക്ഷികളെ സൃഷ്ടിക്കുന്നവരില്‍ ഒരുവന്‍ മാത്രം.

ഇന്നോ നാളെയോ ലോകമേ നീ അറിയും
ഞാനുമൊരു പ്രണയത്തിന്‍ രക്ത സാക്ഷി.
പ്രണയമേ....പ്രണയ  ദാമ്പത്യമേ......
നീ ഇനിയും രക്ത സാക്ഷികളെ സൃഷ്ടിക്കല്ലേ .

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 05, 2011

ഭ്രഷ്ട്

അറിയുമോ, നിങ്ങളെന്‍ സ്നേഹിതയെ ?
അറിയുമോ, എന്‍ പ്രിയ കളിതോഴിയെ ?
ജാതിയോ മതമോ ചോദിക്കാതെ 
സ്നേഹിച്ച പുരുഷനായ്  കഴുത്ത്  നീട്ടി.
ഓടിക്കളിച്ചൊരാ വീട്ടില്‍ നിന്നും 
ആട്ടിയിറക്കി സോദരങ്ങള്‍ ...
ഇന്നോളം ലാളിച്ച പെണ്‍കിടാവേ
നീ ഞങ്ങള്‍ക്കന്യയെന്നമ്മ ചൊല്ലി.
നെഞ്ചിലെ കനല്‍തീയില്‍ ചുടുന്നൊരു നോക്കിനാല്‍
അച്ഛനും മിണ്ടാതെ അകന്നു പോയി.

പടി കയറി ചെന്നൊരാ വീട്ടിലതാ...
കുറ്റപ്പെടുത്തലിന്‍  കൂരമ്പുകള്‍ ,
അഭിമാനത്തിന്‍ പൊയ്മുഖം തീര്‍ത്തവര്‍
അന്ധകാരത്തില്‍ മറഞ്ഞിരുന്നു,
"ഭ്രഷ്ട്" കല്പ്പിച്ചൊരു  ബന്ധുക്കളും
കാണാതെ മിണ്ടാതെ അകന്നു നിന്നു,
പ്രസംഗിച്ചു നടന്നൊരാ മൌലിക  വാദികള്‍
മാളത്തില്‍ ഒളിച്ചു പതുങ്ങി നിന്നു.

പെറ്റമ്മയോടുപോല്‍ മിണ്ടുവാന്‍ പാടില്ല-
യെന്ന നെഞ്ചു  തുളക്കുന്ന വിലക്കുകളും,
ഉള്ളു തുറന്നു കരയുവാനാവാതെ
തള്ളി നീക്കി ദിനങ്ങള്‍ ഓരോന്നായ്.
നിസ്സഹായനായ ഒരു തോഴനും
ഒന്നുമേ ചെയ്യുവാനാവതില്ല.

സ്നേഹിച്ച തെറ്റിനായ് ഓരോ നിമിഷവും 
ഹോമിച്ചു അവള്‍ തന്‍റെ ജീവിതത്തെ   
"ഇനി എനിക്കീ സ്നേഹത്തിന്‍ തണല്‍ വേണ്ട.
ഇനി എനിക്കീ "ഭ്രഷ്ട്" ദിനങ്ങള്‍ വേണ്ട."
മരവിച്ച മനസ്സില്‍ അവള്‍ തെരഞ്ഞെടുത്തു
മരവിക്കും  മരണത്തിന്‍   സ്വാതന്ത്ര്യം .

മറഞ്ഞൊരാ തോഴിയെ സാക്ഷിയാക്കി
പറയുന്നു ഞാനിതാ നിങ്ങളോടായ്
 'ജാതി മത സ്ത്രീധനം നോക്കിടാതെ 
സ്നേഹിക്കരുതാരേയും സോദരരെ...'

തിങ്കളാഴ്‌ച, ജൂലൈ 25, 2011

ഒരു ഗദ്ഗദം

ഏകാകിയാം  എന്റെ ഹൃദയത്തുടിപ്പുകളില് 
ഏഴു സ്വരങ്ങള് തന് താളമേളം .
ഏഴകലേ  അവന് സ്വരം കേള്ക്കെ
ഏഴു നിറങ്ങളില് പീലി നിവര്ത്തും.
ഏതോ പ്രണയ നാളമെന്റെ
ഏകാന്തരാത്മാവില് തിരി കൊളുത്തി.
 ഏതോ മാത്രയില് അവന് മന്ത്രിച്ചു
എല്ലാം മറക്കാന് വിധിച്ചവര് നാം.
എന് മനോ വീണക്കമ്പികള് ഭേദിച്ചു
എന് മനതാരില് മായാത്ത കൂരിരുട്ട്.
ഏകാകിയായ് ഒന്ന് കരയുവാന് പോലും 
എന്റെ മരവിച്ച മാനസം മറന്നുപോയി.

    
  

വെള്ളിയാഴ്‌ച, ഫെബ്രുവരി 18, 2011

ഒരു നാള്‍ വരും

ആരോരോമില്ലാത്ത താപസന്‍ ഞാന്‍.
ആറാടാന്‍ കഴിയാത്ത ദുഃഖ  പുത്രന്‍.
ജീവിതമിവിടെ ഹോമിക്കട്ടെ-
ചേതോവികാരങ്ങള്‍ മറഞ്ഞിടട്ടെ.
ദുഃഖങ്ങള്‍ മാത്രം ജീവിത  സമ്പത്ത്.
ചുറ്റിലും പരിഹാസ  മുഖങ്ങള്‍ .
സഹതപിക്കുന്ന കണ്ണുകളുമായ്-
ഉറ്റ മിത്രങ്ങള്‍ .  
ബന്ധു ജനങ്ങള്‍ക്കോ പുച്ഛഭാവം.
ജീവിത തോഴി തന്‍ സ്വപ്ന മണ്ഡപം-
ജീവച്ഛവം പോലെ പിന്തുടരും.
ഇനി എത്ര നാള്‍ കാത്തിരിക്കണം
ഈ  ജീവിത നാടകത്തിന്‍ തിരശ്ശീല വീഴാന്‍?

ഞായറാഴ്‌ച, ജനുവരി 16, 2011

വാസ്ത ( فاستحي )


                                                                                      
വാസ്തയുണ്ടോ വാസ്ത.                        
കുവൈറ്റിലാണേല്‍ വാസ്ത വേണം.
പാചകം ചെയ്യാന്‍ വന്നവന്‍ 
പ്രൊജക്റ്റ്‌ മാനേജര്‍ .
അക്ഷരം കൂട്ടി വായിക്കാന്‍ അറിയാത്തവന്‍
എഞ്ചിനീയര്‍ .
ആടിനെ മേയ്ക്കാന്‍ വന്നവന്‍
ഫോര്‍മാന്‍.
മണ്ണ് കുത്താന്‍ വന്നവന്‍ 
ടെക്നീഷ്യന്‍.
അങ്ങനെ നീളുന്നു
വാസ്ത കൊണ്ടുള്ള നേട്ടങ്ങള്‍ .
ആടിനെ പട്ടിയാക്കും പട്ടിയെ പാമ്പാക്കും
അധികാര വര്‍ഗ്ഗം.
പെണ്ണ് കൊടുത്തും മദ്യ സല്‍ക്കാരങ്ങള്‍ നടത്തിയും
വാസ്ത നേടും ഒരു കൂട്ടം.
മേലുദ്യോഗസ്ഥരുടെ ശൌച്യാലയം കഴുകിയും
വാസ്ത നേടും ചിലര്‍ .
പണമില്ലാത്തവന്‍ പിണം എന്ന പോലെ
വാസ്തയില്ലാത്തവര്‍  എന്നും ദരിദ്ര  നാരായണര്‍ .



വാല്‍കഷ്ണം:- "വാസ്ത" എന്നത് ഒരു അറബി പദമാണ്. "ശുപാര്‍ശ" എന്ന് മലയാളത്തില്‍ പറയാം.ഇതിലെ കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്പ്പികമാണേ...