വെള്ളിയാഴ്‌ച, ഓഗസ്റ്റ് 05, 2011

ഭ്രഷ്ട്

അറിയുമോ, നിങ്ങളെന്‍ സ്നേഹിതയെ ?
അറിയുമോ, എന്‍ പ്രിയ കളിതോഴിയെ ?
ജാതിയോ മതമോ ചോദിക്കാതെ 
സ്നേഹിച്ച പുരുഷനായ്  കഴുത്ത്  നീട്ടി.
ഓടിക്കളിച്ചൊരാ വീട്ടില്‍ നിന്നും 
ആട്ടിയിറക്കി സോദരങ്ങള്‍ ...
ഇന്നോളം ലാളിച്ച പെണ്‍കിടാവേ
നീ ഞങ്ങള്‍ക്കന്യയെന്നമ്മ ചൊല്ലി.
നെഞ്ചിലെ കനല്‍തീയില്‍ ചുടുന്നൊരു നോക്കിനാല്‍
അച്ഛനും മിണ്ടാതെ അകന്നു പോയി.

പടി കയറി ചെന്നൊരാ വീട്ടിലതാ...
കുറ്റപ്പെടുത്തലിന്‍  കൂരമ്പുകള്‍ ,
അഭിമാനത്തിന്‍ പൊയ്മുഖം തീര്‍ത്തവര്‍
അന്ധകാരത്തില്‍ മറഞ്ഞിരുന്നു,
"ഭ്രഷ്ട്" കല്പ്പിച്ചൊരു  ബന്ധുക്കളും
കാണാതെ മിണ്ടാതെ അകന്നു നിന്നു,
പ്രസംഗിച്ചു നടന്നൊരാ മൌലിക  വാദികള്‍
മാളത്തില്‍ ഒളിച്ചു പതുങ്ങി നിന്നു.

പെറ്റമ്മയോടുപോല്‍ മിണ്ടുവാന്‍ പാടില്ല-
യെന്ന നെഞ്ചു  തുളക്കുന്ന വിലക്കുകളും,
ഉള്ളു തുറന്നു കരയുവാനാവാതെ
തള്ളി നീക്കി ദിനങ്ങള്‍ ഓരോന്നായ്.
നിസ്സഹായനായ ഒരു തോഴനും
ഒന്നുമേ ചെയ്യുവാനാവതില്ല.

സ്നേഹിച്ച തെറ്റിനായ് ഓരോ നിമിഷവും 
ഹോമിച്ചു അവള്‍ തന്‍റെ ജീവിതത്തെ   
"ഇനി എനിക്കീ സ്നേഹത്തിന്‍ തണല്‍ വേണ്ട.
ഇനി എനിക്കീ "ഭ്രഷ്ട്" ദിനങ്ങള്‍ വേണ്ട."
മരവിച്ച മനസ്സില്‍ അവള്‍ തെരഞ്ഞെടുത്തു
മരവിക്കും  മരണത്തിന്‍   സ്വാതന്ത്ര്യം .

മറഞ്ഞൊരാ തോഴിയെ സാക്ഷിയാക്കി
പറയുന്നു ഞാനിതാ നിങ്ങളോടായ്
 'ജാതി മത സ്ത്രീധനം നോക്കിടാതെ 
സ്നേഹിക്കരുതാരേയും സോദരരെ...'