തിങ്കളാഴ്‌ച, ഡിസംബർ 20, 2010

വിട പറയല്ലേ ഡിസംബര്‍ ...

ശിശിരം....
പാതയോരം വിജനമായിരുന്നു.
ഇലകള്‍ പൊഴിഞ്ഞ വേനല്‍മരങ്ങള്‍ക്ക്  
എല്ലാം നഷ്ടപ്പെട്ടവന്റെ മുഖഭാവം.
മഞ്ഞിന്റെ മരവിച്ച ബിന്ദുക്കള്‍ വീണ
വഴിത്താരയില്‍ ...
സ്വപ്നങ്ങളുടെ കനത്ത ഭാണ്ടവും പേറി
മെല്ലെ നീങ്ങുമ്പോള്‍
നഗ്നരായ മരത്തലപ്പുകളുടെ ഓര്‍മ്മകളില്‍
നഷ്ട  വസന്തമായിരുന്നിരിക്കണം.
ഡിസംബര്‍ ....
നിനക്ക് മരണത്തിന്റെ മരവിപ്പ്.
ഒരു പക്ഷെ...തിന്മകളുടെ വിഴുപ്പു പേറിയ 
പാപക്കറ പുരണ്ട മനസ്സിനെ 
നിത്യതയിലേക്ക്  തള്ളി വിടുന്ന
നിന്റെ മരവിപ്പാകാം 
എന്നെ നിന്നിലേക്കാകര്‍ഷിച്ചത്. 
പക്ഷെ...ഞാന്‍ കേള്‍ക്കുന്നത്
വേഴാമ്പലുകളുടെ രോദനമാണല്ലോ?
ഗ്രീഷ്മത്തില്‍  വരണ്ടുണങ്ങിയ 
അവയുടെ ചുണ്ടുകളില്‍
ആരും ദാഹനീര്‍ പകര്‍ന്നില്ലെന്നോ?
ഞാനൊന്ന് ചോദിച്ചോട്ടെ ഡിസംബര്‍ ...?
എന്റെ കാല്‍ക്കീഴിലമര്‍ന്ന 
പുല്‍ക്കൊടിതുമ്പിലെ  തുഷാരം
നിന്നശ്രുകണമോ  സുസ്മേരമോ ?
അതോ...
പ്രതീക്ഷകളുടെ ഭാണ്ടവും പേറി തളര്‍ന്ന
എന്റെ മുന്‍ഗാമി എന്നോ ഉപേക്ഷിച്ച
വരണ്ട  സ്വപ്നങ്ങളോ?
ഒരു പക്ഷെ,
പാരിലേറ്റവും  കല്‍മഷമില്ലാത്തത്
മിഴിനീരും ഈ ഹിമകണങ്ങളുമായിരിക്കാം. 
ചന്ദ്രികാ ചര്‍ഛിതമായ സൌഭാഗ്യ രാത്രിയില്‍
ഭൂമിദേവിയുടെ ശ്വേത ബിന്ദുക്കളുമായിരിക്കാം. 
ഡിസംബര്‍ ...
നിന്റെ മുഖമുദ്ര തന്നെ മൌനമാണല്ലോ. 
വസന്തത്തിന്റെ കിളികൊഞ്ചലും പൂവിളിയും
എന്നുമെന്നും നിനക്കന്ന്യം.
ഒരു പക്ഷെ,
നിന്നിലവ ഉണ്ടായിരുന്നെങ്കില്‍
ഞാന്‍ നിന്നില്‍ ആകൃഷ്ടനായിരിക്കാം.
എന്നാലും...
നിന്റെ മൌനങ്ങള്‍ക്ക് ആയിരം നാവുണ്ടായിരുന്നു.
ഒരുപാട് സ്വപ്‌നങ്ങള്‍ സമ്മാനിച്ചു.
വിതുമ്പി വിറയലോടെ നീ പടിയിറങ്ങുമ്പോള്‍
ഒരായിരം മോഹങ്ങള്‍ ഉള്‍താരില്‍ താരാട്ടി
ഞാനെന്നും കാത്തിരിക്കും.
കാരണം....നിന്നെ ഞാനേറെ ഇഷ്ടപ്പെടുന്നു.

ഞായറാഴ്‌ച, ഡിസംബർ 12, 2010

എന്റെ കേരള

കരുവന്നൂര്‍ പുഴ കര കവിഞ്ഞൊഴുകി.
കരയുടെ മടിയില്‍ തല തല്ലിയൊഴുകി. 
കാര്‍മേഘം പടര്‍ത്തുന്ന കര്‍ക്കിടക  രാത്രിയില്‍
കലി തുള്ളി പേമാരി കോരി ചൊരിഞ്ഞു.

പൂമണം പരത്തുന്ന പുലരിയെ പുല്‍കാന്‍ 
പൂമരനാം അര്‍ക്കന്‍  പൂര്‍വത്തിലുദിച്ചു.
പുഴയോരങ്ങളില്‍ പുളകം ചാര്‍ത്തി.
പൂമാലയില്‍ നിന്ന് കുളിര്‍കാറ്റു വീശി.

മലയാള നാടിന്‍ മഹിമ വിടര്‍ത്തും 
മലയോരം പുത്തന്‍ പുടവ വിരിച്ചു
മല, മകളാം പുഴ മാതാവിനെ തേടി
മലവെള്ള പാച്ചിലിന്‍ ഗതി മാറിയൊഴുകി.