തിങ്കളാഴ്‌ച, ഡിസംബർ 20, 2010

വിട പറയല്ലേ ഡിസംബര്‍ ...

ശിശിരം....
പാതയോരം വിജനമായിരുന്നു.
ഇലകള്‍ പൊഴിഞ്ഞ വേനല്‍മരങ്ങള്‍ക്ക്  
എല്ലാം നഷ്ടപ്പെട്ടവന്റെ മുഖഭാവം.
മഞ്ഞിന്റെ മരവിച്ച ബിന്ദുക്കള്‍ വീണ
വഴിത്താരയില്‍ ...
സ്വപ്നങ്ങളുടെ കനത്ത ഭാണ്ടവും പേറി
മെല്ലെ നീങ്ങുമ്പോള്‍
നഗ്നരായ മരത്തലപ്പുകളുടെ ഓര്‍മ്മകളില്‍
നഷ്ട  വസന്തമായിരുന്നിരിക്കണം.
ഡിസംബര്‍ ....
നിനക്ക് മരണത്തിന്റെ മരവിപ്പ്.
ഒരു പക്ഷെ...തിന്മകളുടെ വിഴുപ്പു പേറിയ 
പാപക്കറ പുരണ്ട മനസ്സിനെ 
നിത്യതയിലേക്ക്  തള്ളി വിടുന്ന
നിന്റെ മരവിപ്പാകാം 
എന്നെ നിന്നിലേക്കാകര്‍ഷിച്ചത്. 
പക്ഷെ...ഞാന്‍ കേള്‍ക്കുന്നത്
വേഴാമ്പലുകളുടെ രോദനമാണല്ലോ?
ഗ്രീഷ്മത്തില്‍  വരണ്ടുണങ്ങിയ 
അവയുടെ ചുണ്ടുകളില്‍
ആരും ദാഹനീര്‍ പകര്‍ന്നില്ലെന്നോ?
ഞാനൊന്ന് ചോദിച്ചോട്ടെ ഡിസംബര്‍ ...?
എന്റെ കാല്‍ക്കീഴിലമര്‍ന്ന 
പുല്‍ക്കൊടിതുമ്പിലെ  തുഷാരം
നിന്നശ്രുകണമോ  സുസ്മേരമോ ?
അതോ...
പ്രതീക്ഷകളുടെ ഭാണ്ടവും പേറി തളര്‍ന്ന
എന്റെ മുന്‍ഗാമി എന്നോ ഉപേക്ഷിച്ച
വരണ്ട  സ്വപ്നങ്ങളോ?
ഒരു പക്ഷെ,
പാരിലേറ്റവും  കല്‍മഷമില്ലാത്തത്
മിഴിനീരും ഈ ഹിമകണങ്ങളുമായിരിക്കാം. 
ചന്ദ്രികാ ചര്‍ഛിതമായ സൌഭാഗ്യ രാത്രിയില്‍
ഭൂമിദേവിയുടെ ശ്വേത ബിന്ദുക്കളുമായിരിക്കാം. 
ഡിസംബര്‍ ...
നിന്റെ മുഖമുദ്ര തന്നെ മൌനമാണല്ലോ. 
വസന്തത്തിന്റെ കിളികൊഞ്ചലും പൂവിളിയും
എന്നുമെന്നും നിനക്കന്ന്യം.
ഒരു പക്ഷെ,
നിന്നിലവ ഉണ്ടായിരുന്നെങ്കില്‍
ഞാന്‍ നിന്നില്‍ ആകൃഷ്ടനായിരിക്കാം.
എന്നാലും...
നിന്റെ മൌനങ്ങള്‍ക്ക് ആയിരം നാവുണ്ടായിരുന്നു.
ഒരുപാട് സ്വപ്‌നങ്ങള്‍ സമ്മാനിച്ചു.
വിതുമ്പി വിറയലോടെ നീ പടിയിറങ്ങുമ്പോള്‍
ഒരായിരം മോഹങ്ങള്‍ ഉള്‍താരില്‍ താരാട്ടി
ഞാനെന്നും കാത്തിരിക്കും.
കാരണം....നിന്നെ ഞാനേറെ ഇഷ്ടപ്പെടുന്നു.

16 അഭിപ്രായങ്ങൾ:

  1. നിങ്ങള്‍ ഒരു പുലി ആയിരുന്നു അല്ലേ..നന്നായിട്ടുണ്ട് മാഷേ ഇനിയും പ്രതീക്ഷിക്കുന്നു. ഒരായിരം കിനാക്കള്‍ കാണാ‍ന്‍ ഒരു പുതു ദിനം ആശംസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. ചന്ദ്രികാ ചര്‍ച്ചിതമായ പോലുള്ള വരികള്‍ ഒഴിവാക്കിയാല്‍ കവിത മനോഹരമായി. ആശംസകള്‍ എഴുതി നിറയൂ

    മറുപടിഇല്ലാതാക്കൂ
  3. കവിത മനോഹരമായി. ഭാനുവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
    ഡിസംബറിനോട് എനിക്കും ഒരു പ്രത്യേകയിഷ്ടമാണ്‌.

    മറുപടിഇല്ലാതാക്കൂ
  4. ഭാനു,വായാടീ...മനപൂര്‍വമാണ്."ചര്‍ച്ചിതം" എന്ന വാക്ക് ഒരു പാട് ശ്രമിച്ചു എഴുതാന്‍.
    ഇപ്പോള്‍ കിട്ടി. പൂര്‍ണ്ണമായി വായിച്ചു തെറ്റ് ചൂണ്ടി കാണിച്ചു തന്നതിന് നന്ദി ഭാനു.
    നന്ദി കുസുമം ചേച്ചി,ഷിയാസ്...

    മറുപടിഇല്ലാതാക്കൂ
  5. കൊള്ളാം താന്തോന്നി ...നന്നായി..ആശംസകള്‍ ..
    ഈ വേര്‍ഡ്‌ വെരിഫിക്കേഷന്‍ ആവസ്യമുണ്ടോ ?

    മറുപടിഇല്ലാതാക്കൂ
  6. നന്നായിട്ടുണ്ട് ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  7. അയ്യോ ഡിസംബര്‍ പോകല്ലേ..? അയ്യോ ഡിസംബര്‍ പോകല്ലേ..?

    മറുപടിഇല്ലാതാക്കൂ
  8. ഡിസംബര്‍ നെ കുറിച്ച് വര്‍ണ്ണിച്ചത് കടുപ്പമായില്ലേ!!
    ഡിസംബര്‍ സ്വപ്നങ്ങളുടെ കാലമാണ്, ഒരുപാട് ഇഷ്ടമാണ് ഡിസംബര്‍.
    പാശ്ചാത്യ രാജ്യങ്ങള്‍ പോലെ പ്രത്യേകിച്ച് ഒന്നുമില്ലെങ്കിലും ഡിസംബര്‍ ഒരു പുതുപ്രതീക്ഷയുടെ കാലമാണ്.
    ഡിസംബര്‍ കവിത ഇഷ്ടായി

    മറുപടിഇല്ലാതാക്കൂ
  9. ലോകം മുഴുവന്‍ തണുക്കുന്ന ഒരേ ഒരു മാസമാണ് ഡിസംബര്‍....
    അതിനെ എത്ര വര്‍ണിച്ചാലും മതിയാവില്ല.

    സിദ്ദിക്ക,അശോക്‌,റ്റോംസ്,ഹാപ്പി ബചിലെര്ഴ്സേ
    അഭിപ്രായങ്ങള്‍ക്ക് നന്ദി.

    മറുപടിഇല്ലാതാക്കൂ
  10. കവിതയിൽ കുറച്ചുകൂടി പക്വത വരാവുന്നതാണ്. ഡിസംബറിനെ കുറിച്ച് എഴുതാൻ ആലോചിക്കുമ്പോൾ ആരും ഇത്തരം ആലോചനകളിലും വൈകാരിക സമ്മർദ്ദങ്ങളിലും ചെന്നുവീഴും അതിനെ അതിജീവിക്കുമ്പോഴേ അസാധാണമായ ദർശനങ്ങൾ വരൂ. കാഴ്ചപ്പാട് പഴയത് തന്നെ. ചില നല്ല വരികൾ കവിതയിലുണ്ട്.

    കവിത എഴുതിയിട്ട് ഒന്നു റിഫൈൻ ചെയ്യുന്നത് നന്ന്.

    മറുപടിഇല്ലാതാക്കൂ
  11. ഇവിടെ ഡിസംബര്‍ മാസം തന്നെയാണോ അതോ കാമുകിയെ ആണോ ഉപമിച്ചത് , ഡിസംബര്‍ ന്റെ ആ കുളിരും മഞ്ഞുതുള്ളികളുടെ തണുപ്പും മുഴുവനായും അങ്ങ് കിട്ടിയില്ല

    മറുപടിഇല്ലാതാക്കൂ
  12. ഡിസംബറിന്റെ നഷ്ടം എന്ന ഒരു സിനിമയില്ലെ? പേരെത്ര കാവ്യാത്മകമെന്നോര്‍ക്കുന്നു ഇപ്പോള്‍!

    ഇത്രയൊക്കെ ഉണ്ടല്ലെ ഡിസംബറിന്?
    ഒരു പിശിറന്‍ കാറ്റടിക്കാനുണ്ട് പുലര്‍വേളയില്‍
    അതിനൊപ്പം തണുപ്പും..
    വാരിപ്പുതച്ച് സ്വപ്നത്തോടൊപ്പം പുതപ്പിനുള്ളിലുറങ്ങാനെന്ത് സുഖം!

    കവിത ഒന്നുകൂടി കുറുക്കണം എന്ന് തോന്നുന്നു.

    ആശംസകള്‍, ഒപ്പം പുതുവത്സരവും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  13. അജ്ഞാതന്‍9:13 PM, ജനുവരി 03, 2011

    " പ്രതീക്ഷകളുടെ ഭാണ്ടവും പേറി തളര്‍ന്ന
    എന്റെ മുന്‍ഗാമി......"
    ഇത് ഞാനാവാം....too good.....

    മറുപടിഇല്ലാതാക്കൂ
  14. നിന്റെ മൌനങ്ങള്‍ക്ക് ആയിരം നാവുണ്ടായിരുന്നു....
    നല്ല രചന..........

    മറുപടിഇല്ലാതാക്കൂ
  15. സുരേഷേട്ടാ....എന്റെ മന്സ്സിലുള്ള ഡിസംബറിനു ഇതാണ് മുഖം.

    അനീസാ....ഇപ്പോഴത്തെ ഡിസംബര്‍ അല്ല.കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നതിനു മുന്‍പുള്ള ഡിസംബര്‍ ആണ്.ഹിഹി.

    നിശാസുരഭി....കുറുക്കിയാല്‍ മനസ്സിലുള്ളത് മുഴുവന്‍ പകര്‍ത്താന്‍ കഴിയില്ല.
    ഇത് തന്നെ ഒത്തിരി കുറുക്കിയതാ.

    മഞ്ഞുതുള്ളി...വിരഹം മനസ്സിലാക്കുന്നു പ്രിയ ചേച്ചി.
    എന്ത് ചെയ്യാം. എല്ലാം തീരുമാനിക്കുന്നത് അവിടുന്നല്ലേ?

    ഷാജി പ്രവാസം...ഡിസംബറിന്റെ മൌനങ്ങള്‍ക്കാണ്.

    അഭിപ്രായിച്ച എല്ലാവര്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ

ഇവിടെ എന്തേലും എഴുതിട്ടു പോകൂന്നെ ....