തിങ്കളാഴ്‌ച, ജൂലൈ 25, 2011

ഒരു ഗദ്ഗദം

ഏകാകിയാം  എന്റെ ഹൃദയത്തുടിപ്പുകളില് 
ഏഴു സ്വരങ്ങള് തന് താളമേളം .
ഏഴകലേ  അവന് സ്വരം കേള്ക്കെ
ഏഴു നിറങ്ങളില് പീലി നിവര്ത്തും.
ഏതോ പ്രണയ നാളമെന്റെ
ഏകാന്തരാത്മാവില് തിരി കൊളുത്തി.
 ഏതോ മാത്രയില് അവന് മന്ത്രിച്ചു
എല്ലാം മറക്കാന് വിധിച്ചവര് നാം.
എന് മനോ വീണക്കമ്പികള് ഭേദിച്ചു
എന് മനതാരില് മായാത്ത കൂരിരുട്ട്.
ഏകാകിയായ് ഒന്ന് കരയുവാന് പോലും 
എന്റെ മരവിച്ച മാനസം മറന്നുപോയി.

    
  

വെള്ളിയാഴ്‌ച, ഫെബ്രുവരി 18, 2011

ഒരു നാള്‍ വരും

ആരോരോമില്ലാത്ത താപസന്‍ ഞാന്‍.
ആറാടാന്‍ കഴിയാത്ത ദുഃഖ  പുത്രന്‍.
ജീവിതമിവിടെ ഹോമിക്കട്ടെ-
ചേതോവികാരങ്ങള്‍ മറഞ്ഞിടട്ടെ.
ദുഃഖങ്ങള്‍ മാത്രം ജീവിത  സമ്പത്ത്.
ചുറ്റിലും പരിഹാസ  മുഖങ്ങള്‍ .
സഹതപിക്കുന്ന കണ്ണുകളുമായ്-
ഉറ്റ മിത്രങ്ങള്‍ .  
ബന്ധു ജനങ്ങള്‍ക്കോ പുച്ഛഭാവം.
ജീവിത തോഴി തന്‍ സ്വപ്ന മണ്ഡപം-
ജീവച്ഛവം പോലെ പിന്തുടരും.
ഇനി എത്ര നാള്‍ കാത്തിരിക്കണം
ഈ  ജീവിത നാടകത്തിന്‍ തിരശ്ശീല വീഴാന്‍?

ഞായറാഴ്‌ച, ജനുവരി 16, 2011

വാസ്ത ( فاستحي )


                                                                                      
വാസ്തയുണ്ടോ വാസ്ത.                        
കുവൈറ്റിലാണേല്‍ വാസ്ത വേണം.
പാചകം ചെയ്യാന്‍ വന്നവന്‍ 
പ്രൊജക്റ്റ്‌ മാനേജര്‍ .
അക്ഷരം കൂട്ടി വായിക്കാന്‍ അറിയാത്തവന്‍
എഞ്ചിനീയര്‍ .
ആടിനെ മേയ്ക്കാന്‍ വന്നവന്‍
ഫോര്‍മാന്‍.
മണ്ണ് കുത്താന്‍ വന്നവന്‍ 
ടെക്നീഷ്യന്‍.
അങ്ങനെ നീളുന്നു
വാസ്ത കൊണ്ടുള്ള നേട്ടങ്ങള്‍ .
ആടിനെ പട്ടിയാക്കും പട്ടിയെ പാമ്പാക്കും
അധികാര വര്‍ഗ്ഗം.
പെണ്ണ് കൊടുത്തും മദ്യ സല്‍ക്കാരങ്ങള്‍ നടത്തിയും
വാസ്ത നേടും ഒരു കൂട്ടം.
മേലുദ്യോഗസ്ഥരുടെ ശൌച്യാലയം കഴുകിയും
വാസ്ത നേടും ചിലര്‍ .
പണമില്ലാത്തവന്‍ പിണം എന്ന പോലെ
വാസ്തയില്ലാത്തവര്‍  എന്നും ദരിദ്ര  നാരായണര്‍ .



വാല്‍കഷ്ണം:- "വാസ്ത" എന്നത് ഒരു അറബി പദമാണ്. "ശുപാര്‍ശ" എന്ന് മലയാളത്തില്‍ പറയാം.ഇതിലെ കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്പ്പികമാണേ... 
  

ശനിയാഴ്‌ച, ജനുവരി 08, 2011

വിഫലമീ ജീവിതം

ജീവിതമൊരു സ്വപ്ന ഭൂമി-മാനവ
ജീവിതമൊരു സ്വപ്ന ഭൂമി.
തണല്‍ മരമില്ലാതെ ദാഹജലമില്ലാതെ 
തളരുന്ന ദുഃഖത്തിന്‍ വഴിത്താര.
ബന്ധങ്ങളിവിടെ ഫണമുയര്‍ത്തി നില്‍ക്കും
വിഷക്കാറ്റ് വിതറും സര്‍പ്പങ്ങള്‍ .
പക പോക്കും മര്‍ത്ത്യന്റെ മന്ദഹാസങ്ങള്‍
പകലിനെ ഇരുട്ടാക്കും കാര്‍മേഘങ്ങള്‍ .
സ്വാര്‍ത്ഥത  നടിക്കുന്ന സ്വപ്നജീവികളെ
സ്വര്‍ലോകം കാംക്ഷിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം.
പാഴ്മണല്‍  കൂമ്പാരം വിണ്ണിനെ വിഴുങ്ങുമ്പോള്‍
ജീവിതം വഴി മുട്ടും പാരിലെല്ലാര്‍ക്കും.

തിങ്കളാഴ്‌ച, ഡിസംബർ 20, 2010

വിട പറയല്ലേ ഡിസംബര്‍ ...

ശിശിരം....
പാതയോരം വിജനമായിരുന്നു.
ഇലകള്‍ പൊഴിഞ്ഞ വേനല്‍മരങ്ങള്‍ക്ക്  
എല്ലാം നഷ്ടപ്പെട്ടവന്റെ മുഖഭാവം.
മഞ്ഞിന്റെ മരവിച്ച ബിന്ദുക്കള്‍ വീണ
വഴിത്താരയില്‍ ...
സ്വപ്നങ്ങളുടെ കനത്ത ഭാണ്ടവും പേറി
മെല്ലെ നീങ്ങുമ്പോള്‍
നഗ്നരായ മരത്തലപ്പുകളുടെ ഓര്‍മ്മകളില്‍
നഷ്ട  വസന്തമായിരുന്നിരിക്കണം.
ഡിസംബര്‍ ....
നിനക്ക് മരണത്തിന്റെ മരവിപ്പ്.
ഒരു പക്ഷെ...തിന്മകളുടെ വിഴുപ്പു പേറിയ 
പാപക്കറ പുരണ്ട മനസ്സിനെ 
നിത്യതയിലേക്ക്  തള്ളി വിടുന്ന
നിന്റെ മരവിപ്പാകാം 
എന്നെ നിന്നിലേക്കാകര്‍ഷിച്ചത്. 
പക്ഷെ...ഞാന്‍ കേള്‍ക്കുന്നത്
വേഴാമ്പലുകളുടെ രോദനമാണല്ലോ?
ഗ്രീഷ്മത്തില്‍  വരണ്ടുണങ്ങിയ 
അവയുടെ ചുണ്ടുകളില്‍
ആരും ദാഹനീര്‍ പകര്‍ന്നില്ലെന്നോ?
ഞാനൊന്ന് ചോദിച്ചോട്ടെ ഡിസംബര്‍ ...?
എന്റെ കാല്‍ക്കീഴിലമര്‍ന്ന 
പുല്‍ക്കൊടിതുമ്പിലെ  തുഷാരം
നിന്നശ്രുകണമോ  സുസ്മേരമോ ?
അതോ...
പ്രതീക്ഷകളുടെ ഭാണ്ടവും പേറി തളര്‍ന്ന
എന്റെ മുന്‍ഗാമി എന്നോ ഉപേക്ഷിച്ച
വരണ്ട  സ്വപ്നങ്ങളോ?
ഒരു പക്ഷെ,
പാരിലേറ്റവും  കല്‍മഷമില്ലാത്തത്
മിഴിനീരും ഈ ഹിമകണങ്ങളുമായിരിക്കാം. 
ചന്ദ്രികാ ചര്‍ഛിതമായ സൌഭാഗ്യ രാത്രിയില്‍
ഭൂമിദേവിയുടെ ശ്വേത ബിന്ദുക്കളുമായിരിക്കാം. 
ഡിസംബര്‍ ...
നിന്റെ മുഖമുദ്ര തന്നെ മൌനമാണല്ലോ. 
വസന്തത്തിന്റെ കിളികൊഞ്ചലും പൂവിളിയും
എന്നുമെന്നും നിനക്കന്ന്യം.
ഒരു പക്ഷെ,
നിന്നിലവ ഉണ്ടായിരുന്നെങ്കില്‍
ഞാന്‍ നിന്നില്‍ ആകൃഷ്ടനായിരിക്കാം.
എന്നാലും...
നിന്റെ മൌനങ്ങള്‍ക്ക് ആയിരം നാവുണ്ടായിരുന്നു.
ഒരുപാട് സ്വപ്‌നങ്ങള്‍ സമ്മാനിച്ചു.
വിതുമ്പി വിറയലോടെ നീ പടിയിറങ്ങുമ്പോള്‍
ഒരായിരം മോഹങ്ങള്‍ ഉള്‍താരില്‍ താരാട്ടി
ഞാനെന്നും കാത്തിരിക്കും.
കാരണം....നിന്നെ ഞാനേറെ ഇഷ്ടപ്പെടുന്നു.

ഞായറാഴ്‌ച, ഡിസംബർ 12, 2010

എന്റെ കേരള

കരുവന്നൂര്‍ പുഴ കര കവിഞ്ഞൊഴുകി.
കരയുടെ മടിയില്‍ തല തല്ലിയൊഴുകി. 
കാര്‍മേഘം പടര്‍ത്തുന്ന കര്‍ക്കിടക  രാത്രിയില്‍
കലി തുള്ളി പേമാരി കോരി ചൊരിഞ്ഞു.

പൂമണം പരത്തുന്ന പുലരിയെ പുല്‍കാന്‍ 
പൂമരനാം അര്‍ക്കന്‍  പൂര്‍വത്തിലുദിച്ചു.
പുഴയോരങ്ങളില്‍ പുളകം ചാര്‍ത്തി.
പൂമാലയില്‍ നിന്ന് കുളിര്‍കാറ്റു വീശി.

മലയാള നാടിന്‍ മഹിമ വിടര്‍ത്തും 
മലയോരം പുത്തന്‍ പുടവ വിരിച്ചു
മല, മകളാം പുഴ മാതാവിനെ തേടി
മലവെള്ള പാച്ചിലിന്‍ ഗതി മാറിയൊഴുകി.  

ബുധനാഴ്‌ച, സെപ്റ്റംബർ 01, 2010

ശൂന്യത



മാനസ വൃന്ദാവനത്തില്‍ ഇനി-
ശ്രുതി മീട്ടും വീണകമ്പികള്‍  കാണില്ല.
കൂകി  മുഴക്കും കുയിലുകള്‍ 
കൂ...കൂ...നാദം നിര്‍ത്തി എങ്ങോ പോയ്‌.
പാതിരാവില്‍ വിരിയും പാരിജാതം
ഇനി മിഴികള്‍ കൂമ്പി നില്‍ക്കും.
വണ്ടുകള്‍ മധുകണം വറ്റിയ
പൂവിനു ചുറ്റും ഭ്രാന്തമായ് അലയുന്നു.
ഒരു കുഞ്ഞിളം കാറ്റ് പോലും 
ഈ മാര്‍ഗ്ഗമദ്ധ്യേ ഇനി വീശുകില്ല.
മരണം കാത്തു നില്‍ക്കും 
മൂക സാക്ഷിയായ്  ചിത്തം.